മൂർക്കനാട് സുബുലുസ്സലാം സ്കൂൾ സ്നേഹഭവനം പദ്ധതി – തുക കൈമാറി

മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കണ്ടറി സ്കൂളിലെ ഭവന രഹിതരായ നിർധനരായ വിദ്യാത്ഥികളുടെ കുടുംബങ്ങൾ വീട് നിർമ്മിച്ചു നൽകുന്ന പദ്ധതിയായ സ്നേഹഭവനം പദ്ധതിയിൽ ഈ അധ്യയന വർഷത്തെ ഗുണഭോക്താവായ വിദ്യാർത്ഥിയുടെ കുടുംബത്തിന് തുക കൈമാറി. വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും പി.ടി.എ യുടെ നേതൃത്വത്തിൽ വർഷാവർഷം ഈ പദ്ധതിക്കായി ശേഖരിക്കുന്ന തുകയിൽ നിന്നാണ് വിഹിതം കൈമാറിയത്. ഈ അധ്യയന വർഷം ഈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന രണ്ടാമത്തെ വീടാണിത്. സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിലുള്ള സ്ക്രീനിങ്ങ് കമ്മിറ്റിയാണ് പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ കണ്ടെത്തുന്നത് . സ്കൂൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർണ്ണമായോ ഭാഗികമായോ നിർമ്മിച്ചു നൽകുന്ന എട്ടാമത്തെ വീടാണിത്. സ്കൂൾ മാനേജർ കെ.മുഹമ്മദ് ബഷീർ പങ്കെടുത്ത ചടങ്ങിൽ പ്രിൻസിപ്പാൾ അഹമ്മദ് സവാദ് ചെക്ക് ഭവന നിർമ്മാണ കമ്മിറ്റിക്ക് നൽകി. ഹെഡ്മിസ്ട്രസ് അമ്പാഴത്തങ്ങൽ നസീറ, പി.ടി.എ പ്രസിഡൻ്റ് ടി.എ മനാഫ്, എസ് എം സി വൈസ് ചെയർമാൻ മുണ്ടോടൻ മുനീർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ.ശ്രീജ ചന്ദ്രൻ , അധ്യാപകരായ ഡോ.ബിന്ദു പി സുബാഷ് , നൂറുൽ അമീൻ, പി.ടി.അബ്ദുല്ല, അബ്ദുൽ അസിസ് മറ്റു വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു.